സംസ്ഥാനത്ത് ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയിൽ വരാത്ത അവശത അനുഭവിക്കുന്നവരുള്ള ബിപിഎൽ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 1000 രൂപ നൽകും. തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വിവിധ ക്ഷേമനിധികളിലുള്ള തൊഴിലാളികൾക്ക് ഇതിനകം സഹായം നൽകിയിട്ടുണ്ട്. എന്നാൽ ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത കുടുംബങ്ങൾക്ക് സഹായം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.