മനുഷ്യ ശരീരത്തിന് എത്രത്തോളം ചൂട് താങ്ങാന്‍ കഴിയും എന്നതിനെ സംബന്ധിച്ച് ഗവേഷകര്‍ പഠനം നടത്തിയതായി റിപ്പോര്‍ട്ട്. അതികഠിനമായ ഉഷ്ണതരംഗങ്ങള്‍ രൂക്ഷമാകുന്നതോടെ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. പ്രതിരോധശേഷി കുറഞ്ഞവരില്‍ വേഗത്തില്‍ രോഗം പിടിപെടാം. മുമ്പ് കണക്കുകൂട്ടിയതിലും വളരെ കുറഞ്ഞ ചൂട് മാത്രമേ മനുഷ്യര്‍ക്ക് സഹിക്കാന്‍ കഴിയുന്നുള്ളൂ എന്ന് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി. ഓട്ടവ സര്‍വകലാശാലയിലെ ഹ്യൂമന്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ ഫിസിയോളജി റിസര്‍ച് യൂനിറ്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആഗോള താപനില ഉയരുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഗൗരവമായി എടുക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്നതാണ് ഈ പഠനത്തിലെ കണ്ടെത്തലുകള്‍. മനുഷ്യന്റെ സ്വയംതണുക്കാനുള്ള ശേഷിക്കുമപ്പുറമുള്ള ചൂടും ഈര്‍പ്പവും വലിയ പ്രദേശങ്ങള്‍ ഉടന്‍ തന്നെ നേരിടേണ്ടിവരുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘനേരം ചൂടേല്‍ക്കുമ്പോള്‍ ശരീര താപനില അനിയന്ത്രിതമായി ഉയരുമെന്നും ഒരു പരിധിക്കപ്പുറം ശരീരത്തിന് ഇനി സ്വയം തണുപ്പിക്കാന്‍ കഴിയില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.