ഡോക്ടർമാർ ‘റിപ്പീറ്റ് ഓൾ’ ഒഴിവാക്കുക

അഞ്ചുവർഷം മുമ്പെഴുതിയ മരുന്നുകൾ വരെ ഇപ്പോഴും ആവർത്തിക്കുന്നതായി റിപ്പോർട്ട്. രോഗികൾ പതിവായി ഉപയോഗിക്കുന്ന മരുന്നുകളുടെ കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ എന്ന് ചില ഡോക്ടർമാർ എഴുതുന്നതിൽ നിലപാട് അറിയിക്കാൻ ഡിഎംഒമാരോട് ആരോഗ്യവകുപ്പ് നിർദേശം നൽകി. അലോപ്പതി മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ വകുപ്പ് നടപടിയിലേക്ക് കടക്കുന്നതിന് പകരം റിപ്പോർട്ട് ആവശ്യപ്പെട്ടത് ആരോഗ്യപ്രവർത്തകർക്കിടയിൽ ചർച്ചയായി. മരുന്നുകളുടെ പേരെഴുതാൻ മിനക്കെടാതെ ഇങ്ങനെ ‘റിപ്പീറ്റ്’ അടിക്കുന്ന ഡോക്ടർമാർക്ക് നല്ലവഴി കാട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്തുനല്കിയിരുന്നു. ഓരോ മാസവും നിശ്ചിതദിവസം ഡോക്ടറെ കാണാനെത്തുമ്പോൾ രോഗവിവരം ചോദിക്കും. രോഗിക്ക് എന്തെങ്കിലും മാറ്റമുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് മറുപടിയെങ്കിൽ ആദ്യം കഴിച്ച മരുന്നുകൾ ‘റിപ്പീറ്റ് ഓൾ’ എഴുതി വിടും. ഏതൊക്കെ മരുന്നാണ് നല്കേണ്ടത് എന്നകാര്യം പേജ് മറിച്ചുനോക്കി ഫാർമസിസ്റ്റുമാർ കണ്ടെത്തണം. അഞ്ചുവർഷം മുമ്പെഴുതിയ മരുന്നുവരെ ഇങ്ങനെ ആവർത്തിക്കുന്നതായി അസോസിയേഷൻ വ്യക്തമാക്കി. മരുന്ന് എടുത്തുകൊടുക്കാൻ താമസം വരുന്നതിനാലും മാറിനല്കാൻ സാധ്യതയുള്ളതിനാലും ‘റിപ്പീറ്റ് ഓൾ’ ഒഴിവാക്കാൻ ഡിഎംഒ അധ്യക്ഷനായ പത്തനംതിട്ട ജില്ലാ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി കഴിഞ്ഞമാസം ഡോക്ടർമാർക്ക് നിർദേശം നല്കിയിരുന്നു.