ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന ജനസംഖ്യയിൽ നിന്നുള്ള ഏകദേശം 10,000 മനുഷ്യ ജീനോമുകൾ മാപ്പ് ചെയ്യുന്ന ഗവേഷണത്തിൽ ഡി.എൻ.എയിൽ 18കോടി സവിശേഷ വകഭേദങ്ങൾ കണ്ടെത്തിയാതായി ശാസ്ത്രജ്ഞർ.
ജീൻ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിൽസാ ഔഷധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷയുടെ വിരൽ ചൂണ്ടുന്നതാണ് ഈ കണ്ടെത്തൽ. ആഗോള ജീനോം പഠനങ്ങളിൽ ഇതുവരെ വളരെ വിരളമായ, ഇന്ത്യയിലുടനീളമുള്ള 83 ജനസംഖ്യാ ഗ്രൂപ്പുകളിലെ സമ്പന്നമായ ജനിതക വൈവിധ്യമുൾക്കൊള്ളുന്ന ഡാറ്റാബേസ് നിർമിച്ചതായി ശാസ്ത്രജ്ഞർ അവരുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള ഒരു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി. ഓരോ വ്യക്തിയുടെയും 30ലധികം ആരോഗ്യ സൂചകങ്ങൾ ഈ ഡാറ്റാബേസിൽ ഉൾപ്പെടുന്നു. 180 ദശലക്ഷം ഡി.എൻ.എ വകഭേദങ്ങളിൽ 65 ശതമാനവും വളരെ അപൂർവമോ ഇന്ത്യയിലെ ജനസംഖ്യാ ഗ്രൂപ്പുകൾക്ക് മാത്രമുള്ളതോ ആണെന്നാണ് ഡാറ്റയുടെ പ്രാഥമിക വിശകലനം സൂചിപ്പിക്കുന്നത്.