സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല്‍ ഷോപ്പുകളില്‍ എത്തുമ്പോള്‍ മരുന്ന് മാറിപ്പോവുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഡോക്ടര്‍ എഴുതിയ സിറപ്പിന് പകരം മെഡിക്കല്‍ഷോപ്പില്‍ നിന്ന് കുട്ടിക്ക് നല്‍കിയത് ഡോസ് കൂടിയ ഗുളിക. ഇത് കഴിച്ച് കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് കാല്‍മുട്ട് വേദനക്കുള്ള മരുന്നിന് കുറിപ്പടിയുമായി എത്തിയ രോഗിക്ക് മാനസിക രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. വീട്ടുകാരുടെ ജാഗ്രതയിലാണ് രോഗി രക്ഷപ്പെട്ടത്. കൂടാതെ കഴിഞ്ഞ ആഴ്ച കോഴിക്കോട് കൈക്കുഞ്ഞുമായി ഒരു സ്ത്രീ മരുന്ന് വാങ്ങാനെത്തുകയും ഡോക്ടറുടെ കുറിപ്പടി വായിക്കാനാകാതെ ഒന്നിലേറെ മെഡിക്കല്‍ ഷോപ്പുകാർ ഇവരെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഒരു ഫാര്‍മസിസ്റ്റ് ഡോക്ടറെ വിളിച്ച് ചോദിച്ച് മറുപടി തേടിയാണ് മരുന്ന് നൽകിയത്. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൃത്യമായ നിയമങ്ങളില്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തീരുമാനങ്ങളും നിര്‍ദേശങ്ങളുമല്ലാതെ കൃത്യമായി നടപ്പാക്കുന്നതിനുള്ള നീക്കം ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് കോഴിക്കോട് ജില്ലയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.