രക്തം തേടി അലയുന്നവർക്ക് സഹായവുമായി പോലീസ് സേനയുടെ പോൽ ബ്ലഡ്

ആശുപത്രിയിലായ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ വേണ്ടി രക്തം തേടി അലയുന്നവർക്ക് സഹായവുമായി പോലീസ് സേന. പോലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. രക്തം ദാനംചെയ്യുകയുമാവാം. പണംവാങ്ങി രക്തം നൽകുന്നതിന്റെ പേരിൽ പരാതികൾ കൂടിയതോടെ ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനാണ് പോലീസ് രക്തദാനത്തിലേക്ക് തിരിഞ്ഞത്. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുത്ത് രക്തം ആവശ്യമുള്ളവർ ‘റെസിപിയന്റ്’ എന്ന ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ പൂർത്തിയായാൽ കൺട്രോൾറൂമിൽ നിന്ന് ബന്ധപ്പെടും. അടിയന്തര വിഷയമാണെങ്കിൽ ദാതാക്കളെ കണ്ടെത്തി ആശുപത്രിയിലേക്ക് ആളുകളെ എത്തിക്കും. അല്ലെങ്കിൽ സമീപമുള്ള ബ്ലഡ് ബാങ്കിലേക്ക് ദാതാക്കളെ എത്തിക്കും.2021 ഏപ്രിൽ 21-ന് തുടങ്ങിയ ‘പോൽ ബ്ലഡ്’ വഴി ഇതുവരെ ഒരു ലക്ഷം യൂണിറ്റോളം രക്തമാണ് കേരളത്തിൽ നൽകിയിട്ടുള്ളത്. കേരളത്തിൽ ഒരു വർഷം 6.5 ലക്ഷം യൂണിറ്റ് രക്തം വേണമെന്നാണ് കണക്ക്. ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ ഒന്നിനുള്ളിൽ സംസ്ഥാനത്തെ 193 ബ്ലഡ് ബാങ്കുകളിലായി ഈ ലഭ്യത ഉറപ്പുവരുത്താൻ പരിശ്രമിക്കുകയാണ് പോലീസ്. ഇതോടെ 100 ശതമാനം സന്നദ്ധ രക്തദാന സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ്
പോലീസ് സേനയുടെ ശ്രമമെന്ന് പോൽ ബ്ലഡ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.