എച്ച്‌ഐവി അണുബാധയ്‌ക്കെതിരായി വികസിപ്പിച്ച മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയം കണ്ടതായി റിപ്പോർട്ട്

എച്ച്‌ഐവി അണുബാധയ്‌ക്കെതിരായി വികസിപ്പിച്ച മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയം കണ്ടതായി റിപ്പോർട്ട്. എച്ച്.ഐ.വി. ബാധിക്കാന്‍ സാധ്യതയുള്ളവര്‍ എല്ലാ വര്‍ഷവും എടുക്കേണ്ട തരത്തില്‍ വികസിപ്പിച്ച പ്രതിരോധ മരുന്നിന്റെ ആദ്യ ട്രയലാണ് വിജയകരമായി പൂര്‍ത്തിയായത്. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ട ഗവേഷകസംഘമാണ് പുതിയ കുത്തിവെപ്പ് മരുന്ന് വികസിപ്പിച്ചത്. ലെനാകാപാവിര്‍ എന്ന മരുന്നാണ് എച്ച്‌ഐവിയെ പ്രതിരോധിക്കാനായി ഉപയോഗിക്കുക. എച്ച്‌ഐവി വൈറസ് കോശങ്ങളില്‍ കടന്നുകയറി പെരുകുന്നതിനെ ഈ മരുന്ന് തടയും. നിലവിൽ ഈ മരുന്ന് ഉപയോഗത്തിലുണ്ടെങ്കിലും കുറഞ്ഞ ഇടവേളകളിൽ ഉപയോഗിക്കേണ്ടതായുണ്ട്. എല്ലാ ദിവസവും കഴിക്കേണ്ട ഗുളികകളും ഓരോ എട്ടാഴ്ചയിലും എടുക്കേണ്ട കുത്തിവെപ്പുമാണ് നിലവില്‍ എച്ച്‌ഐവിയേയും അതുവഴി എയ്ഡ്‌സ് രോഗത്തേയും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. ഇതിനെ പ്രീ-എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് എന്നാണ് അറിയപ്പെടുന്നത്. വർഷത്തിലൊരിക്കൽ മാത്രം കുത്തിവെച്ചാൽ മതിയാകുന്ന തരത്തിലുള്ള ലെനാകാപാവിർ ആണ് ഗവേഷകർ ഇപ്പോൾ വികസിപ്പിച്ചത്. പുതിയ കുത്തിവെപ്പ് പൂര്‍ണമായും വിജയിച്ചാല്‍ എച്ച്‌ഐവി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം കുത്തിവെപ്പെടുത്താല്‍ മതിയാകും. ലഭ്യമായതില്‍ വെച്ച് ഏറ്റവും ദീര്‍ഘകാലം എച്ച്‌ഐവി പ്രതിരോധം ഉറപ്പാക്കുന്ന മാര്‍ഗം കൂടിയാകും ഇത്. പുതിയ കുത്തിവെപ്പ് എച്ച്‌ഐവി ബാധിതരല്ലാത്ത 40 പേരിലാണ് ഗവേഷകർ പരീക്ഷിച്ചത്. ഇവരുടെ പേശികളിലേക്കാണ് ലെനാകാപാവിര്‍ കുത്തിവെച്ചത്. പാര്‍ശ്വഫലങ്ങളോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഇവര്‍ക്കുണ്ടായിട്ടില്ല. കുത്തിവെച്ച് 56 ആഴ്ചകള്‍ക്കു ശേഷം 40 പേരെയും വീണ്ടും പരിശോധിച്ചപ്പോള്‍ മരുന്ന് ഇവരുടെ ശരീരത്തില്‍ നിലനില്‍ക്കുന്നതായി ഗവേഷകർ കണ്ടെത്തുകയായിരുന്നു.