എറണാകുളം കളമശേരിയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

എറണാകുളം കളമശേരിയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ടുപേര്‍ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്‌കൂളിലെ 1, 2 ക്ലാസുകളിലെ 5 വിദ്യാര്‍ഥികളെയാണ് 2 സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. കടുത്ത തലവേദന, പനി, തുടങ്ങിയവ അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ക്കു രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നിലവില്‍ സ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.