ഹൃദയം മാറ്റിവെക്കലിനായി ദാതാവിനെ കാത്തിരുന്ന ഓസ്‌ട്രേലിയന്‍ വംശകൻ കൃത്രിമ ടൈറ്റാനിയം ഹൃദയവുമായി 100 ദിവസം ജീവിച്ചതായി റിപ്പോർട്ട്. ഈ സാങ്കേതിക വിദ്യയില്‍ ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്ന നാളിതുവരെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്. കഴിഞ്ഞ നവംബറില്‍ സിഡ്നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയിലാണ് 40-കാരനില്‍ ശസ്ത്രക്രിയയിലൂടെ കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ഫെബ്രുവരിയില്‍ ഇയാള്‍ കൃത്രിമ ഹൃദയവുമായി ആശുപത്രി വിടുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ ഒരു ഹൃദയദാതാവിനെ ലഭ്യമാകുന്നതുവരെ അദ്ദേഹത്തെ ജീവനോടെ നിലനിര്‍ത്തിയത് കൃത്രിമ ഹൃദയമാണ്. സെന്റ് വിന്‍സെന്റ് ആശുപത്രിയെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊനാഷ് സര്‍വകലാശാലയും മെഡിക്കല്‍ സാങ്കേതികവിദ്യ നിര്‍മാണ രംഗത്തുള്ള ബിവാകോര്‍ എന്ന ഓസ്‌ട്രേലിയന്‍ കമ്പനിയുമാണ് ഈ ഉപകരണം നിര്‍മിച്ചത്. ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രിക്രിയ നടത്തിയ ഇയാൾ നിലവില്‍ സുഖംപ്രാപിച്ച് വരികയാണെന്നും ആശുപത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഹൃദയസ്തംഭനം നേരിടുന്ന ആളുകള്‍ക്ക് കൃത്രിമ ഹൃദയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പകരംസ്ഥാപിക്കാനാകുമെന്നതിന്റെ പ്രതീക്ഷകള്‍ കൂടിയാണ് ഈ പരീക്ഷണത്തിലൂടെ ചൂണ്ടികാട്ടിയിരിക്കുന്നത്. എന്നാൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഉപകരണം പൊതുവായ ഉപയോഗത്തിനായി ഇതുവരെ അംഗീകരിച്ചിട്ടില്ല. പിതാവ് ഹൃദ്രോഗം ബാധിച്ച് മരണപ്പെട്ടതോടെയാണ് ബിവാക്കറിന്റെ സ്ഥാപകനും ഓസ്ട്രേലിയന്‍ ബയോ എഞ്ചിനീയറുമായ ഡാനിയേല്‍ ടിംസ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. ‘പതിറ്റാണ്ടുകളുടെ പരിശ്രമം ഫലപ്രാപ്തിയിലെത്തി കാണുന്നത് ആഹ്ലാദകരമാണ്’ എന്ന് അദ്ദേഹം പ്രതികരിച്ചു. പേരില്‍ സൂചിപ്പിക്കുന്നത് പോലെതന്നെ ടൈറ്റാനിയം കൊണ്ടാണ് ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത്. ആരോഗ്യകരമായ ഹൃദയത്തിന് സമാനമായി രക്തപ്രവാഹം നടത്താന്‍ പ്രാപ്തമാണ് ഈ ഉപകരണം.