രാജ്യത്തെ എല്ലാ ജില്ലാആശുപത്രികളിലും കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി

രാജ്യത്തെ എല്ലാ ജില്ലാആശുപത്രികളിലും കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അഡ്മിറ്റ് ചെയ്യാതെ പകൽമാത്രം സേവനം നൽകുന്നതാണ് ഇവ. ആരോഗ്യസേവനങ്ങളിലെ വിടവുകൾ നികത്താനും രോഗികൾക്കും കുടുംബത്തിനും പിന്തുണ നൽകാനുമാണ് ലക്ഷ്യം. ജില്ലാ ആശുപത്രികളിൽ പൂർണസജ്ജമായ കേന്ദ്രങ്ങളിൽ പരിചരണം ലഭ്യമാവുന്നത് ഒരുപാട് രോഗികൾക്ക് ആശ്വാസമാവും. രാജ്യത്ത് പുതിയ കാൻസർ രോഗികളെ ഏറ്റവുമധികം കണ്ടെത്തുന്നത് കേരളത്തിലാണ്. കഴിഞ്ഞ വർഷംമാത്രം അമ്പതിനായിരത്തിലധികം രോഗബാധിതരാണ് പുതിയതായി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.കീമോ തെറാപ്പിക്കുശേഷം രക്തകോശങ്ങൾ കുറയുന്ന അവസ്ഥ വരാൻ സാധ്യതയുണ്ട്. അതിനുള്ള മരുന്നുകളും നൽകും. ചില തുടർചികിത്സകൾ, ശസ്ത്രക്രിയയ്ക്കുശേഷം നീരുപോലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ കൈകാര്യംചെയും. സാന്ത്വനചികിത്സ തേടുന്നവർക്കും ഇത് ആശ്വാസമാവും. തുടർചികിത്സയും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉപദേശവും നിർദേശവും സ്വീകരിക്കാനുമാവും. കാൻസർ നിർണയത്തിനുള്ള പരിശോധനകൾ നടത്താമെന്നതാണ് വേറെയൊരു ഗുണം. സ്തനങ്ങൾ, ഗർഭാശയഗളം, വായ എന്നിവയെ ബാധിക്കുന്ന പല കാൻസറുകളും നേരത്തേ കണ്ടെത്താൻ സ്‌ക്രീനിങ് പരിശോധനകൾ സഹായിക്കും.