മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 15 ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന് കാരണം കണ്ടെത്തിയതായി റിപ്പോർട്ട്

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 15 ഗ്രാമങ്ങളിലുള്ളവരുടെ അസാധാരണ മുടികൊഴിച്ചിലിന് കാരണം കണ്ടെത്തിയതായി റിപ്പോർട്ട്. മുടികൊഴിച്ചിലിന് കാരണം രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലായതിനാലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്ണ് ഇക്കാര്യം പുറത്തുവിട്ടത്. 50-ലധികം സാമ്പിളുകൾ സംഘം പരിശോധിച്ചിരുന്നു. പ്രദേശത്തെ വെള്ളത്തിന്റെ സാംപിള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ നേരത്തെ ശേഖരിച്ചിരുന്നു. ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ലബോറട്ടറിയിലും ഡല്‍ഹിയിലെ എയിംസ് ലബോറട്ടറിയിലുമാണ് ഇവ പരിശോധന നടത്തിയത്. സെലിനിയത്തിന്റെ അളവ് കൂടുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് മുംബൈ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ അരുൺ സാവന്ത് വ്യക്തമാക്കി. സെലിനിയം മുടിവേരുകളെ ദുർബലമാക്കും. പ്രദേശത്തെ മണ്ണിന്റേയും ജലത്തിന്റേയും സാമ്പിളുകൾ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയ്യും ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് പ്രദേശത്തെ 300-ലധികം പേർക്ക് മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്. ഏതെങ്കിലും തരത്തിലുള്ള വൈറസ് ആണോ ഇതിന് പിന്നിലെന്നും പ്രദേശത്തെ ആളുകൾ ആശങ്കപ്പെട്ടിരുന്നു.