ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാൽ ഗ്രാമത്തിൽ അജ്ഞാതരോഗം ബാധിച്ച് 16 പേർ മരിച്ച സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണ സംഘത്തിൽ ആരോഗ്യവകുപ്പ്, കൃഷി വകുപ്പ്, ജലവകുപ്പ് തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള വിദഗ്ദ്ധരെയും അംഗങ്ങളായി നിയമിച്ചു. മരണത്തിനിടയാക്കിയ സാഹചര്യം പഠിക്കാനും മരിച്ചവരുടെ കുടുംബത്തിന് വേണ്ട സഹായങ്ങൾ നൽകാനും നിർദേശമുണ്ട്. അതേസമയം മരിച്ചവരുടെ സാംപിളുകളിൽ കണ്ടെത്തിയ ന്യൂറോടോക്‌സിൽ മരണത്തിന് കാരണമായെന്ന നിഗമനത്തിലാണ് അധികൃതർ. കീടനാശിനിയുടെ സാന്നിധ്യം അരുവിയിൽ നിന്നുള്ള ജലത്തിന്റെ സാംപിളുകളിൽ കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്തെ അരുവിയിൽ നിന്നുളള ജലം വിവിധ ആവശ്യങ്ങൾക്കായി എടുക്കരുതെന്ന് ജമ്മു കശ്മീർ ഭരണക്കൂടം അറിയിച്ചു. 2024 ഡിസംബർ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുളള ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. പനി, അമിതമായി വിയർക്കൽ, ഛർദി, നിർജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരിൽ കണ്ട പ്രധാന ലക്ഷണങ്ങൾ.