മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങൾ നേരിടുന്നവരുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതും വളരെ സാധാരണമായി കാണപെടുന്നതുമായ ഒരു പ്രശ്‌നമാണ് താരൻ. തലയോട്ടിയോട് ചേർന്ന് വെളുത്ത നിറത്തിൽ പൊടി പോലെ തോന്നിക്കുന്ന താരൻ ശ്രദ്ധിച്ചില്ലെങ്കിൽ വ്യാപകമാകാനും പിന്നീട് മുടി കാര്യമായ രീതിയിൽ കൊഴിഞ്ഞുപോകാനും വഴിയൊരുക്കുന്നു. താരൻ ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് മൂലം താരനുണ്ടാകാം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ സാധിക്കില്ല. താരൻ വന്നുകഴിഞ്ഞതിന് ശേഷമെങ്കിലും ശുചിത്വം ഉറപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ്. തുടർന്നും താരൻ മാറുന്നില്ലയെങ്കിൽ അത് ശുചിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായതല്ലെന്ന് ഉറപ്പിക്കാം. എണ്ണമയമുള്ള ചർമ്മം, വരണ്ട ചർമ്മം, മിക്ക മുതിർന്നവരുടെയും തലയോട്ടിയിലെ എണ്ണകൾ തിന്നുന്ന യീസ്റ്റ് പോലെയുള്ള ഫംഗസ് എന്നിവയും താരനുണ്ടാവാൻ കാരണമായേക്കാം. ഷാംപൂ പതിവായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുന്നില്ലെങ്കിൽ ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റ്ന്റെ സഹായം തേടുക.