കുട്ടികളില്‍ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്നു പഠന റിപ്പോർട്ട്

കുട്ടികളില്‍ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്നു പഠന റിപ്പോർട്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എയിംസ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇന്ത്യയില്‍ എട്ടിനും 20 വയസിനും ഇടയില്‍ പ്രായമുള്ള 17-40 ശതമാനം കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് പഠനം പറയുന്നു. ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ 38 ശതമാനവും ഫാറ്റി ലിവര്‍ ബാധിച്ചവരാണെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഇതില്‍ 35 ശതമാനം കുട്ടികളാണെന്നും പഠനം വ്യക്തമാക്കുന്നു. ലിവർ സെല്ലുകളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതാണ് ഫാറ്റി ലിവറിന് കാരണം. കുമിഞ്ഞു കൂടുന്ന കൊഴുപ്പ് കരളിന്‍റെ ഭാരം 5 മുതൽ 10 ശതമാനം വര്‍ധിപ്പിക്കുന്നു. നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമായ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസിന് കൊഴുപ്പ് അടിയുന്നതിനൊപ്പം കരള്‍ വണ്ണം വെയ്ക്കുന്നതിനും കേടുപാടുകള്‍ക്കും കാരണമാകുന്നുണ്ട്. കുട്ടികളില്‍ ആരോഗ്യകരമായ ഡയറ്റ് പ്ലാന്‍ കൊണ്ടു വരേണ്ടത് പ്രധാനമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.