രാജ്യത്തെ ആശുപത്രികളിൽ വനിതാ ഡോക്ടർമാരുടെ കുറവ് മൂലം 90ശതമാനത്തിലധികം സ്ത്രീകളും ആർത്തവസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടാൻ മടിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. മുംബൈയിലെ സുലഭ് സാനിറ്റേഷൻ മിഷൻ ഫൗണ്ടേഷൻ ആണ് പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആർത്തവസമയങ്ങളിൽ സ്കൂളുകളിലെ ശുചിമുറികൾ ഉപയോഗിക്കാൻ പെൺകുട്ടികൾ മടികാണിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വൃത്തിഹീനമായ അന്തരീക്ഷമാണ് ഇതിനു പ്രധാനകാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. പല സ്കൂളുകളിലും ആവശ്യത്തിന് വെള്ളമോ, സോപ്പോ, ശരിയായ വാതിലുകളോ ഇല്ലെന്നും ഇത് പെൺകുട്ടികളെ ശുചിമുറികൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്നോട്ടുവലിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാരണത്താൽ തന്നെ ആർത്തവകാലങ്ങളിൽ അവധിയെടുക്കുന്ന പെൺകുട്ടികളുടെ എണ്ണവും കൂടുതലാണ്. ആർത്തവ ശുചിത്വത്തിന്റെ കാര്യത്തിൽ സമഗ്രമായ സമീപനമാണ് ഉണ്ടാകേണ്ടതെന്ന് സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പ്രോഗ്രാം& അഡ്വോക്കസി വിഭാഗം നാഷണൽ ഡയറക്ടറായ നീർജ ഭട്നഗർ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ബീഡ്, ധരാശിവ് ജില്ലകളിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ പതിന്നാലു ജില്ലകളിൽ നിന്നുള്ള സ്ത്രീകളേയും പെൺകുട്ടികളേയും ആധാരമാക്കിയാണ് പഠനം നടത്തിയത്. ഗ്രാമപ്രദേശങ്ങളിലും കുടിയേറ്റ പ്രദേശങ്ങളിലും പ്രത്യേകമായി ആർത്തവ ശുചിത്വം സംബന്ധിച്ച അവബോധം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്നും ഗവേഷണത്തിൽ പറയുന്നു.