പോളിയോ രോഗം അഫ്ഗാനിസ്താനിലും പാകിസ്താനിലും പടരുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ ആരോഗ്യമേഖലയിൽ താലിബാൻ സർക്കാർ കൊണ്ടുവന്ന നിയന്ത്രണം വാക്‌സിനേഷൻ നടപടികളിലുണ്ടാക്കിയ തിരിച്ചടിയാണ് പോളിയോ തിരിച്ചുവരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. അഫ്ഗാനിസ്താന് പുറമെ പാകിസ്താനിലെ അഫ്ഗാൻ അതിർത്തിപ്രദേശത്തോട് ചേർന്ന ജില്ലകളിൽ രോഗികൾ വർധിച്ചതോടെ ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2020 ൽ ആഫ്രിക്കൻ രാജ്യങ്ങൾ പോലും പോളിയോമുക്ത രാജ്യങ്ങളായി പ്രഖ്യാപിച്ചെങ്കിലും അഫ്ഗാനിസ്താനും പാകിസ്താനും പോളിയോമുക്തമാവാൻ സാധിച്ചിരുന്നില്ല. 2023 ൽ മഹാപോളിയോ യജ്ഞത്തിലൂടെ ആറ് രോഗികൾ എന്ന നിലയിലേക്ക് പാകിസ്താന് പോളിയോബാധികരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും 2024 ൽ 74 പേരായി രോഗികളുടെ എണ്ണം വർധിച്ചു. ഇതിന് പ്രധാന കാരണമായി പറയുന്നത് അഫ്ഗാനിസ്താനിലെ ആരോഗ്യരംഗത്തെ നിയന്ത്രണങ്ങളും ആവശ്യത്തിന് ആരോഗ്യ വിദഗ്ധരില്ലാത്തതുമാണെന്ന്, രാജ്യത്തെ കുട്ടികളുടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോ. സുൽഫിക്കർ ഭൂട്ടിയ വ്യക്തമാകുന്നു. അഫ്ഗാനിസ്താനിൽ നിലവിൽ എത്ര പോളിയോബാധിതരുണ്ട് എന്നത് സംബന്ധിച്ചുള്ള കണക്ക് പോലും അധികൃതരുടെ കയ്യിലില്ല. കൃത്യമായ വാക്‌സിനേഷൻ നടപടികളില്ലാതായതോടെ പക്ഷാഘാതം വന്നവരുടേത് അടക്കമുള്ളവരുടെ എണ്ണം വർധിക്കുകയാണെന്നും മരണസംഖ്യ കൂടുകയാണെന്നും ഡോ.സുൽഫിക്കർ ഭൂട്ടിയ ചൂണ്ടിക്കാട്ടുന്നു.