ചെന്നൈയിൽ സർക്കാർ സ്‌കൂളിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതിനിടയിൽ കണ്ണിൽ പൊടിയേറ്റു വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

ചെന്നൈയിൽ സർക്കാർ സ്‌കൂളിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതിനിടയിൽ കണ്ണിൽ പൊടിയേറ്റു വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ യുവരാജിന്റെ കാഴ്ചയാണ് പൊടിയേറ്റ് നഷ്ടമായത്. പൊടിവീണ് കണ്ണിന്റെ സ്ഥിതി ഗുരുതരമായിട്ടും യഥാസമയം ആശുപത്രിയിൽ എത്തിക്കാതിരുന്നതിനാലാണ് കാഴ്ച നഷ്ടമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സ്‌കൂളിലെ ചില ദളിത് വിഭാഗം വിദ്യാർഥികളെ അധ്യാപകർ നിർബന്ധപൂർവം ജോലിചെയ്യിപ്പിക്കുന്നത് പതിവായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കണ്ണിൽ പൊടിവീണ് ക്ലാസിൽ തുടരാൻകഴിയാത്ത സ്ഥിതിയിലായിട്ടും യുവരാജിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ല. പകരം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.