‘നിർണയ ലബോറട്ടറി ശൃംഖല’മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിൽ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിർണയ ലബോറട്ടറി ശൃംഖല’മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മപദ്ധതി ആർദ്രം മിഷന്റെ ഭാഗമായാണ് നിർണയ ലാബ് ശൃംഖല നടപ്പാക്കി വരുന്നത്. സർക്കാർ മേഖലയിലെ ലാബുകൾ വഴി ഗുണനിലവാരവും ആധുനിക പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കി കുറഞ്ഞ നിരക്കിൽ പരിശോധനകൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലകളിൽ നിലവിൽ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലത്തിൽ നിർണയ പദ്ധതിയുടെ നെറ്റ് വർക്കിങ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ നിർദിഷ്ട ഹെൽത്ത് ബ്ലോക്കുകളിൽ പ്രവർത്തനം നടന്ന് വരികയും ചെയ്യുന്നു. നിർണയ ലാബ് നെറ്റ് വർക്കിലൂടെ നിർദ്ദിഷ്ട പരിശോധനാ ഫലങ്ങൾ മൊബൈലിലൂടെ അറിയാനും സാധിക്കുന്നു. ഇതിനായുള്ള സോഫ്റ്റ് വെയർ പൈലറ്റടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി . പദ്ധതിയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബുകൾ, ജില്ലാ-സംസ്ഥാന പബ്ലിക്ക് ഹെൽത്ത് ലാബുകൾ എന്നീ സ്ഥാപനങ്ങൾ നിർണയ ലാബ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി ലാബ് ഡെവലപ്‌മെന്റ്/ലാബ് മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു.