മദ്യപാന ചലഞ്ചിൽ 2 കുപ്പി വിസ്കി ഒറ്റയടിക്ക് കുടിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ജീവൻ നഷ്‌ടമായ വാർത്തയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. തായ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ 21 വയസ്സുമാത്രമുള്ള താനാകർ കാന്തിക്കാണ് ജീവൻ നഷ്ടമായത്. ആൽകഹോൾ അധികമായതിനെ തുടർന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. ‘ബാങ്ക് ലെസ്റ്റർ’ എന്ന താനാകർ കാന്തി 75000 രൂപ നൽകിയാണ് ചലഞ്ചിൽ പങ്കെടുത്തത്. 350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിക്കുകയെന്നതായിരുന്നു ചലഞ്ച്. ചലഞ്ചിൽ പങ്കെടുത്ത ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ 3.40ന് സോംഗ്പീനോംഗ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചലഞ്ചിന്റെ തലേ ദിവസം താനാകർ മദ്യപിച്ചിരുന്നു. പണം വാങ്ങി ചലഞ്ചിൽ പങ്കെടുക്കാൻ താനെത്താം എന്ന് വെല്ലുവിളിക്കുന്ന നിരവധി വീഡിയോകളിൽ താനാകർ പ്രത്യക്ഷപ്പെട്ടിരുന്നു. ചലഞ്ച് സംഘടിപ്പിച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.