അമിതവണ്ണമുള്ളവരിൽ കാണുന്ന ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയെ ചികിത്സിക്കുന്നതിനായുള്ള സെപ്ബൗണ്ട് എന്ന മരുന്നിന് യുഎസ് എഫ്ഡിഎയുടെ അംഗീകാരം. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ഒരു മരുന്നിന് ആദ്യമായിട്ടാണ് അംഗീകാരം നൽകുന്നത്. ഉറക്കത്തിൽ ശ്വസനം തടസ്സപ്പെടുന്ന അവസ്ഥയാണ് ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കൂർക്കം വലി ആണ്. അമിതവണ്ണമുള്ളവരിൽ സ്ലീപ് അപ്നിയ പരിഹരിക്കുന്നതിന് സെപ്ബൗണ്ടിൻ്റെ അംഗീകാരം വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ഗവേഷകർ പ്രത്യാശ പ്രകടിപ്പിച്ചു. എലി ലില്ലി കമ്പനി നിർമ്മിക്കുന്ന ഈ മരുന്ന് ശരീരഭാരം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും മൗഞ്ചാരോ എന്ന ബ്രാൻഡിന് കീഴിൽ ഇതിനകം അംഗീകാരം നേടിയിട്ടുണ്ട്. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയ്ക്കുള്ള ചികിത്സകളിലൊന്ന് ശരീരഭാരം കുറയ്ക്കലാണ്. ഈ മരുന്ന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തുടർന്ന്, ഉറക്കത്തിൽ ശ്വസനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു. ഉറക്കത്തിൽ ശ്വാസനാളം തടസ്സപ്പെടുമ്പോൾ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ സംഭവിക്കുന്നു. ഇത് ശ്വസനം തടസ്സപ്പെടുത്തുകയും ഓക്സിജൻ്റെ അളവ് കുറയുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ക്ഷീണം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.