തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയിലെന്ന് ഡോക്ടർമാർ

കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയിലെന്ന് ഡോക്ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ കൂടിയിട്ടുണ്ട്. തലയിലെ മുറിവിൽനിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ നടത്തിയ സിടി സ്കാനിൽ തലയുടെ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല എന്നു കണ്ടെത്തി. അതേസമയം, ശ്വാസകോശത്തിനേറ്റ ചതവ് ഭേദമായാൽ മാത്രമേ ശരീരത്തിലെ മറ്റ് അവയവങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിനു വിശ്രമം അനുവദിക്കുന്നതിനു കൂടിയാണ് വെന്റിലേറ്റർ സൗകര്യം ഉപയോഗിച്ചിരിക്കുന്നത്. നാളെ വെന്റിലേറ്റർ മാറ്റി നോക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെങ്കിലും ശരീരത്തിൽ ഗുരുതരമായ മറ്റു പരുക്കുകളൊന്നും സ്കാനിങ്ങിൽ കണ്ടെത്തിയിട്ടില്ലെ. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധരെ അടക്കം സർക്കാർ കൊച്ചിയിലെ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇവരുമായി കൂടി ചർച്ച ചെയ്താണ് ചികിത്സാരീതികൾ തീരുമാനിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ഭരതനാട്ട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ഉമ തോമസ്. 15 അടി ഉയരത്തിൽനിന്നാണ് ഉമ തോമസ് വീണത്.