ടാക്‌സി, ആംബുലൻസ് ഡ്രൈവിംഗ് ജോലികൾ ചെയ്യുന്നവർക്ക് അൽഷിമേഴ്‌സ് രോഗം ബാധിച്ചുള്ള മരണം സംഭവിക്കാനുള്ള സാധ്യത മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ മരണപ്പെട്ട 90 ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഏകദേശം 443 തരം ജോലികൾ ചെയ്യുന്നവരെ പഠനത്തിൽ ഉൾപ്പെടുത്തി. ഇതിൽ ഏകദേശം 3,48000 പേരുടെ മരണം അൽഷിമേഴ്‌സ് ബാധിച്ചാണെന്ന് കണ്ടെത്തിരുന്നു. എന്നാൽ ടാക്സി ഡ്രൈവർമാരിൽ 1.03% പേരും ആംബുലൻസ് ഡ്രൈവർമാരിൽ 0.74% പേരുമാണ് ഈ രോഗം ബാധിച്ച് മരിച്ചതെന്ന് ഗവേഷകർ പഠനത്തിൽ വ്യക്തമാക്കി. നാവിഗേഷനുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതാണ് രോഗ സാധ്യത കുറയ്ക്കാൻ കാരണമായതെന്ന് ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടി . ഒരേ റൂട്ടുകളിലൂടെ ദിവസേന യാത്ര ചെയ്യുന്ന ബസ് ഡ്രൈവിങ്, പൈലറ്റിങ് ജോലികളിൽ ഏർപ്പെടുന്നവരിൽ സമാനമായ സാധ്യത കാണുന്നില്ല. ദിവസേന സ്‌പേഷ്യൽ, നാവിഗേഷൻ സ്‌കില്ലുകൾ പ്രയോജനപ്പെടുത്തുന്ന ജോലികളിൽ ഏർപ്പെടുന്നത് അൽഷൈമേഴ്സ് സാധ്യത കുറക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.വിശാൽ പട്ടേൽ വ്യക്തമാക്കി. എന്നാൽ ഇത്തരം ജോലികൾ അൽഷൈമേഴ്സ് തടയുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നില്ല. ദിവസേന മെന്റൽ ആക്ടിവിറ്റികൾ ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷർ വ്യക്തമാക്കുന്നു.