സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 2324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വര്‍ഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍ 30 മടങ്ങാണ് വര്‍ധന രേഖപ്പെടുത്തിയത്. 2016ല്‍ കേന്ദ്രം വാക്‌സിന്‍ നിര്‍ത്തലാക്കിയതാണ് ഇത്ര വലിയ വര്‍ധനക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുണ്ടിനീര് കേസുകള്‍ ഉയരുന്നതിനാല്‍ എം.എം.ആര്‍ വാക്‌സിന്‍ തുടരണമെന്ന് കേരളം കേന്ദ്രസര്‍ക്കാറിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ഇത് ഇപ്പോഴും ലഭിക്കുന്നുണ്ട്. മംപ്‌സ് വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് മുണ്ടിനീര്. അഞ്ച് മുതല്‍ 15 വരെയുള്ള പ്രായവിഭാഗത്തിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. പനി, തലവേദന, അസ്വാസ്ഥ്യം, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. മുഖത്തിന്റെ വശത്ത് വേദനയോടെ വീക്കമുണ്ടാകുന്നത് സാധാരണ ലക്ഷണമാണ്. വൈറസ് ബാധിച്ച് 16 മുതല്‍ 18 ദിവസങ്ങള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.