കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ കെട്ടിട സമുച്ചയം ഫെബ്രുവരിയിലും, എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യല്‍റ്റി ബ്ലോക്ക് ഏപ്രിലിലും ഉദ്ഘാടനം ചെയ്യാനാകുമെന്ന് മന്ത്രി പി.രാജീവ്. രണ്ടു കെട്ടിട സമുച്ചയങ്ങളുടെയും നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗവേഷണത്തിനും കൂടി ഊന്നല്‍ നല്കുന്ന സ്ഥാപനമായിട്ടാണു സിസിആര്‍സി വിഭാവനം ചെയ്തിട്ടുള്ളത്. 6.4 ലക്ഷം ചതുരശ്ര അടി കെട്ടിടമാണ് സിസിആര്സിക്കായി ഒരുങ്ങുന്നത്. 360 ബെഡാണ് സജ്ജമാക്കുക. അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍, ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കും. ഭാവിവികസനം കൂടി ഉള്‍പ്പെടുത്തിയുള്ള മാസ്റ്റര്പ്ലാനാണു തയാറാക്കിയിട്ടുള്ളത്. 10 ഓപ്പറേഷന് തിയറ്ററുകളും അത്യാഹിത വിഭാഗം, പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളിലെ 2 ഓപ്പറേഷന് തിയറ്ററുമുള്പ്പെടെ 12ഓപ്പറേഷന് തിയറ്റര്‍ തയാറാക്കും. ഇവയില്‍ ഒരെണ്ണം ഭാവിയില്‍ റോബട്ടിക് ശസ്ത്രക്രിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുന്നതിനുള്ളതാണ്. കേരളത്തില്‍ ആദ്യമായി ഫോട്ടോണ്‍ തെറപ്പി സൗകര്യവും സിസിആര്‍സിയില്‍ കൊണ്ടുവരും. ജനുവരി 31ന് നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടം കൈമാറുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 384.34 കോടി രൂപയാണു സിസിആര്സിക്കായി ചെലവിടുന്നത്. മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷ്യല്‍റ്റി കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കി ഏപ്രില്‍ 30ന് കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയോ നാറ്റോളജി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, യൂറോളജി, ട്രാന്സ്ഫ്യൂഷന് മെഡിസിന്, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയെല്ലാം പുതിയ ബ്ലോക്കില്‍ വരും. 286.66 കോടിയാണ് സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്കിനായി ചെലവഴിക്കുന്നത്. 842 പുതിയ കിടക്കകള്‍ പുതിയതായി വരും. മൊത്തം 1342 ബെഡുകളുള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് മാറും. 8.64 ലക്ഷം ചതുരശ്ര അടിയിലാണു കെട്ടിടം നിര്‍മിക്കുന്നത്.