ആലപ്പുഴയിൽ ഒരുകൂട്ടം യുവാക്കൾ ബലംപ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുടർന്ന് അവശനിലയിലായ ആറാംക്ലാസ് വിദ്യാർഥി ചികിത്സയിൽ. ആലപ്പുഴ സ്വദേശി മുഹമ്മദ് മിസ്ബിനെയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. ബീച്ചിനടത്തുള്ള കളിസ്ഥലത്തു നിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് ആറു കൂട്ടുകാർക്കൊപ്പം സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു കുട്ടി. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ പിന്തുടർന്നു. മറ്റു കുട്ടികൾ ഓടിരക്ഷപ്പെട്ടെങ്കിലും മിസ്ബിനെ കടന്നുപിടിച്ച യുവാക്കൾ കൈയിലുണ്ടായിരുന്ന കുപ്പിയിലെ ദ്രാവകം ബലം പ്രയോഗിച്ച് മണപ്പിച്ചു. ഭയന്നു വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ഉടനെ കടപ്പുറം വനിത ശിശു ആശുപത്രിയിലും, അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആശുപത്രി അധിക്യതരാണ് സംഭവത്തെ കുറിച്ച് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ചിലർ ഓടിരക്ഷപ്പെട്ടു. സംഭവത്തിനു പിന്നിൽ ലഹരി സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.