മുംബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മുപ്പത്തിയൊന്നുകാരന് ഹൃദയാഘാതത്താൽ ദാരുണാന്ത്യം. മുംബൈയിൽ നിന്നുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിക്രം അശോക് ദേശ്മുഖ് ആണ് ക്രിക്കറ്റ് മൈതാനത്തുവച്ച് ഹൃദയാഘാതം സംഭവിച്ച് മരണത്തിനു കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ ആസാദ് മൈദാനിൽ വച്ചായിരുന്നു സംഭവം നടന്നത്. ഇയാൾ സ്ഥിരമായി ക്രിക്കറ്റ് പരിശീലനത്തിന് എത്താറുണ്ടായിരുന്നു. ഞായറാഴ്ച ഇരുപത്തിയഞ്ച് ഓവറിന്റെ പരിശീലനത്തിലായിരുന്നു അശോക്. പത്താം ഓവർ ആയതോടെ അശോകിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തിനിടയിലും അശോക് തുടർന്നുള്ള ആറ് ഓവറുകൾ കളിതുടർന്നു. പതിനേഴാം ഓവറിൽ വച്ചാണ് മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻതന്നെ അശോകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്തിടേയായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നു വിദഗ്ധർ പറയുന്നു.