ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് ഗവേഷകർ

ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്ത് ഗവേഷകർ. ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷക സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ആസ്ത്മക്ക് മാത്രമല്ല, ശ്വാസകോശത്തെ ബാധിക്കുന്ന വിട്ടുമാറാത്ത മറ്റ് രോഗങ്ങൾക്കും പുതിയ ചികിത്സ ആശ്വാസമാകുമെന്ന് ഗവേഷകർ വ്യക്തമാക്കി. 50 വർഷത്തിനിടെ ആദ്യമായാണ് ആസ്ത്മക്ക് പുതിയ ചികിത്സാരീതി കണ്ടെത്തുന്നതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. മോണോക്ലോണൽ ആൻറിബോഡിയായ ബെൻറാലിസുമാബ് എന്ന മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് ഗവേഷകർ നടത്തിയത്. എക്‌സസർബേഷൻസ് എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളുടെ സമയത്ത് ഈ കുത്തിവെപ്പെടുക്കുന്നതാണ് കൂടുതൽ ഫലപ്രദമായി കണ്ടതെന്ന് ഗവേഷകർ വ്യക്തമാക്കി. ആസ്ത്മ രോഗികളായ 158 പേരിലാണ് മൂന്ന് മാസം പഠനം നടത്തിയത്. സാധാരണ സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിച്ചപ്പോൾ പഠനത്തിലെ പരാജയനിരക്ക് 74 ശതമാനമായിരുന്നു. എന്നാൽ, ബെൻറാലിസുമാബ് ഉപയോഗിച്ചുള്ള പുതിയ രീതിയിൽ ഇത് 45 ശതമാനമായി കുറഞ്ഞു. പുതിയ തെറാപ്പി ഉപയോഗിച്ച് ചികിത്സ നേടിയ ആളുകൾക്ക് ആശുപത്രി പ്രവേശന സാധ്യതയും മരണ സാധ്യതയും കുറവാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.