വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്‌നമായതിനാല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും വിരബാധ കാരണമാകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ഇടപെടലുകളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ ആറ് മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം വിര നശീകരണത്തിനുള്ള ഗുളിക നല്‍കേണ്ടതാണ്. സ്‌കൂളുകളും അംഗണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കിവരുന്നു. എല്ലാ കുട്ടികളും വിര നശീകരണത്തിനുള്ള ഗുളിക കഴിച്ചുവെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നവംബര്‍ 26നാണ് ഈ വര്‍ഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത്. അന്ന് വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും ഗുളികകൾ നൽകും. അന്ന് വിദ്യാലയങ്ങളില്‍ എത്താത്ത 1 മുതല്‍ 19 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും ഗുളിക നല്‍കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ നവംബര്‍ 26ന് ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഡിസംബര്‍ 3ന് ഗുളിക നല്‍കുന്നതാണ്. ഈ കാലയളവില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന ഈ പ്രായത്തിലുളള കുട്ടികള്‍ ഗുളിക കഴിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഗുളിക നല്‍കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.