ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത് 43 കുരങ്ങുകൾ; ആശങ്കയിൽ അധികൃതർ

ഹോളിവുഡ് ചിത്രം പ്ലാനറ്റ് ഓഫ് ദ ഏപ്സ് കണ്ടവർക്ക് ഓർമയുണ്ടാകും മനുഷ്യവാസ കേന്ദ്രങ്ങൾ പിടിച്ചടക്കുന്ന കുരങ്ങുകളെ.. യു.എസിലെ സൗത്ത് കരോലിനയിൽ നിന്ന് വരുന്നത് ഈ ചിത്രത്തെ ഓർമിപ്പിക്കുന്ന ഒരു വാർത്തയാണ്. ഇവിടുത്തെ ആൽഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകളാണ് ചാടിപ്പോയത്. നവംബർ ഏഴിനാണ് സംഭവം നടന്നത്. ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണകേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തിൽപ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസ്സേ പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമായതെന്നാണ് സ്ഥാപനത്തിന്റെ സിഇഒയുടെ പ്രതികരണം. ഏകദേശം 4-5 കിലോഗ്രാം ഭാരംവരുന്ന കുട്ടികുരങ്ങുകളാണ് ഈ കൂടുകളിൽ ഉണ്ടായിരുന്നത്. അതിനാൽത്തന്നെ ഇവയെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല. കുരങ്ങുകൾ ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്. അതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയതായി അധികൃതർ വ്യക്തമാക്കി.