ഈജിപ്തിനെ മലേറിയ മുക്തമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള ഒരു നൂറ്റാണ്ടോളം അർപ്പണബോധത്തോടെയുള്ള ശ്രമങ്ങൾക്ക് ശേഷം ഈ നേട്ടം ‘യഥാർത്ഥ ചരിത്രം’ ആണെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചു. ‘മലേറിയയ്ക്ക് ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട്, ഫറവോമാരെ ബാധിച്ച രോഗം ഇപ്പോൾ അതിന്റെ ചരിത്രത്തിൽ പെട്ടതാണ്’ ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു. ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിക്കുന്ന കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്. യുഎഇയേയും മൊറോക്കോയേയും നേരത്തെ ഇത്തരത്തിൽ മലേറിയ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ആഗോള തലത്തിൽ 44 രാജ്യങ്ങളായി ഈ പട്ടികയിൽ. മലേറിയ രഹിത പദവി നിലനിർത്താൻ ജാഗ്രത പാലിക്കാനും ഈജിപ്തിനോട് ഡബ്ല്യുഎച്ച്ഒ നിർദേശിച്ചിട്ടുണ്ട്.