പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ആളുകളുടെ മരണനിരക്ക് ഗണ്യമായി കുറക്കാമെന്ന പഠന റിപ്പോർട്ടാണിപ്പോൾ ചർച്ചയായിരിക്കുന്നത്. ഇവ നിരോധിച്ചാൽ അർബുദം മൂലമുള്ള ദശലക്ഷക്കണക്കിന് മരണം തടയാനാകുമെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്. ലാൻസെറ്റ് പബ്ലിക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2006-മുതൽ 2010 വരെയുള്ള കാലയളവിൽ ജനിച്ചവർ പുകവലിക്കുന്നത് തടഞ്ഞാൽ 185 രാജ്യങ്ങളിൽ നിന്നായി 2095 ഓടെ 1.2 മില്ല്യൺ ശ്വാസകോശാർബുദം മൂലമുള്ള മരണങ്ങൾ തടയാമെന്നാണ് പഠനം പറയുന്നത്. പുകവലിയുടെ നിരക്ക് 5% കുറച്ചാൽ 2050-ഓടെ പുരുഷൻമാരുടെ ആയുസ് ഒരു വർഷവും സ്ത്രീകളുടേത് 0.2 വർഷവും വർധിപ്പിക്കാനാകുമെന്നും പഠനം സൂചിപ്പിക്കുന്നു.