കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളിൽ ഉത്‌പാദിപ്പിച്ച മിക്സ്ചറിൽ കാന്സറിന് കാരണമായേക്കാവുന്ന ടാർട്രാസിൻ അമിത അളവിൽ ചേർത്തതായി കണ്ടെത്തിയതിനെത്തുടർന്ന് നടപടി എടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്. ചില ഭക്ഷ്യവസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാസിൻ നിറം ചേർക്കാമെങ്കിലും മിക്സ്‌ചറിൽ ചേർക്കാൻ പാടില്ല. അത് അലർജിക്ക് കാരണമാകും. ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മിക്‌സ്ചറുകളിലാണ് ടാർട്രാസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരേ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും. ടാർട്രാസിന് കൂടുതൽ അലർജി സാധ്യതയുള്ളതിനാൽ പലതരം ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതിന് നിയന്ത്രണമുണ്ട്. മിക്സ്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിനുവേണ്ടിയാണ് സാധാരണയായി ഈ കൃത്രിമനിറം ഉപയോഗിക്കുന്നത്. പൊതുവിൽ മിക്സ്ചർ പലരും കൂടുതലായി കഴിക്കുന്നതിനാൽ അലർജിസാധ്യതയേറും. കച്ചവടക്കാർക്ക് പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ. സക്കീർഹുസൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.