യുവാക്കളിലെ ഉറക്കക്കുറവ് മസ്തിഷ്‌കത്തിന് പ്രായം കൂട്ടുമെന്ന് പഠന റിപ്പോർട്ട്

യുവാക്കളിലെ ഉറക്കക്കുറവ് മസ്തിഷ്‌കത്തിന് പ്രായം കൂട്ടുമെന്ന് പഠന റിപ്പോർട്ട്. നാൽപതുകളുടെ തുടക്കത്തിൽ മതിയായ ഉറക്കം നഷ്ടപ്പെടുന്നവരിൽ മസ്തിഷ്‌കവാർധക്യം വേഗത്തിൽ സംഭവിക്കുമെന്നും അമ്പതുവയസ്സാവുന്നതോടെ ഓർമക്കുറവ് സംഭവിക്കാമെന്നും അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വൈകി ഉറങ്ങുന്നതും വളരെ നേരത്തെ എഴുന്നേൽക്കുന്നതും മസ്തിഷ്‌കവാർധക്യവുമായി വളരെയടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ഉറക്കക്കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ ഇത് ഗൗരവമായി കണ്ട് മതിയായ ചികിത്സകൾ തേടണമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഉറക്കമില്ലായ്മ മസ്തിഷ്‌കത്തിന് യഥാർഥ വയസ്സിനേക്കാൾ മൂന്നുവയസ്സ് അധികം കൂട്ടുന്നതായി പഠനത്തിൽ കണ്ടെത്തി. ഉറക്കവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്നവർ കൃത്യമായ സ്‌ളീപ് ഷെഡ്യൂൾ പാലിക്കണമെന്നും വ്യായാമങ്ങളും റിലാക്‌സേഷൻ ടെക്‌നിക്കുകളും ശീലിക്കണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നു. കൃത്യമായ ഉറക്കശീലം പാലിക്കുന്നവർക്ക് മസ്തിഷ്‌കാരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിയുമെന്നും യുവാക്കൾ ഉറക്കത്തെ ഗൗരവമായി ഉൾക്കൊള്ളണമെന്നും പഠനം പറയുന്നു.