ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ കേസ്

കോട്ടയം: ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുത്ത് എരുമേലി പോലീസ്. സാമൂഹിക മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും മതസ്പര്‍ദ്ധയുണ്ടാക്കിയെന്നുമുള്ള പരാതിയിലാണു കേസെടുത്തത്. മറുനാടന്‍ മലയാളി യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകള്‍ പി.വി. അന്‍വര്‍ എഡിറ്റ് ചെയ്ത് സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. അന്‍വറിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിലുള്ള വിരോധം കാരണം ഷാജന്‍ സ്‌കറിയയുടെ ചാനലിലെ 15-9-2021ലെ 11.56 മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്താ വീഡിയോയിലെ 32 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും, 29-5-2021ലെ വാര്‍ത്താ വീഡിയോയിലെ 7 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും, 13-8-2022 തീയതിയിലെ വാര്‍ത്താ വീഡിയോയിലെ 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും 29-5-2023 തീയതിയിലെ വാര്‍ത്താവീഡിയോയിലെ 6 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദ്യശ്യവും പകര്‍ത്തിയെടുത്ത് സംയോജിപ്പിച്ച് ക്യത്രിമമായി തയ്യാറാക്കി ഫെയ്സ്ബുക്ക് പേജിലൂടെ പി.വി. അന്‍വര്‍ എം.എല്‍.എ. പ്രചരിപ്പിച്ചുന്നും പരാതിയിൽ പറയുന്നു. പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് ഷാജന്‍ സ്‌കറിയ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.