ചെന്നൈയിൽ ഓപ്പറേഷൻ തീയറ്ററിൽ വച്ച് കുട്ടിയുടെ പൊക്കിൾ കൊടി മുറിച്ച് , വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച പ്രമുഖ തമിഴ് യൂട്യൂബർക്കെതിരെ അന്വേഷണം ആരംഭിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം. ഭാര്യയുടെ പ്രസവദൃശ്യങ്ങൾ ആശുപത്രിയിൽ നിന്ന് ചിത്രീകരിച്ച് ഇർഫാൻ എന്ന യൂവാവാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇതിൽ നിന്നാണ് ഇയാൾ കുട്ടിയുടെ പൊക്കിൾ കൊടി മുറിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ഇർഫാന് കുഞ്ഞുണ്ടായത്. ഇർഫാൻ ഉൾപ്പടെ അന്ന് ഓപ്പറേഷൻ തിയേറ്ററിൽ കയറിയിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ കയറുന്നതിന് നിയമ തടസമില്ല. എന്നാൽ, തിയേറ്ററിനുള്ളിൽ നിന്ന് ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ഇയാൾ ചിത്രീകരിച്ചത്. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിൾകൊടി ഇർഫാൻ മുറിക്കുന്നതായി കണ്ടത്. രണ്ട് ദിവസം മുൻപാണ് ഇർഫാൻസ് വ്യൂ എന്ന യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തത്. 45 ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണിത്. ദൃശ്യങ്ങൾ വൈറലായതോടെ ആരോഗ്യ വിദഗ്ദരിൽ നിന്നും മറ്റും രൂക്ഷമായ വിമർശനമുയർന്നു. പിന്നാലെ ആരോഗ്യ വകുപ്പ് ഇടപെടുകയുമായിരുന്നു.