ഡല്‍ഹിയിലെ വായുമലിനീകരണം കോവിഡ്-19 മഹാമാരി കാരണമുണ്ടായതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകും

ഡല്‍ഹിയിലെ വായുമലിനീകരണം കോവിഡ്-19 മഹാമാരി കാരണമുണ്ടായതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന്‌ എയിംസ് മുൻ മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഹെല്‍ത്ത് എഫക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ലോകത്താകെ 80 ലക്ഷം പേരാണ് വായുമലിനീകരണത്താല്‍ മരിച്ചത്. ഇത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് എന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു. കോവിഡിനെ കുറിച്ച് ആശങ്കപ്പെടുന്ന നമുക്ക് വായുമലിനീകരണത്തെ കുറിച്ച് ഒട്ടും ആശങ്കയില്ല എന്ന വിരോധാഭാസവും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു. അതേസമയം ഡല്‍ഹിയിലെ വായുനിലവാരത്തിന്റെ തോത് (എ.ക്യു.ഐ) ഓരോദിവസം കഴിയുമ്പോഴും വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത പുകമഞ്ഞാണ് നഗരത്തിലെങ്ങുമുള്ളത്. 354 ആണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയ എ.ക്യു.ഐ. വായുനിലവാരം ‘വളരെ മോശം’ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കുട്ടികള്‍, വയോധികര്‍ എന്നിവരെ പോലെ ആരോഗ്യപരമായി ദുര്‍ബലാവസ്ഥയിലുള്ളവരെയാണ് വായുമലിനീകരണം ആദ്യം ബാധിക്കുക. ഹൃദ്രോഗം, അര്‍ബുദം, ന്യൂമോണിയ, അല്‍ഷിമേഴ്സ് രോഗം എന്നിവയാണ് വായുമലിനീകരണത്തിന്റെ അനന്തരഫലങ്ങള്‍. കൂടാതെ പ്രത്യുത്പാദന വ്യവസ്ഥയേയും നാഡീവ്യൂഹത്തേയും ഇത് ബാധിക്കാനിടയുണ്ട്.