വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ ശ്രദ്ധവേണമെന്നു തുറന്നു കാട്ടുന്ന ഒരു ഭീതിപ്പെടുത്തുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. ഒമാനിക്കുന്നതിനിടയിൽ വളർത്തു നായ 22 കാരന്റെ ചെവി കടിച്ചുമുറിച്ചതായി റിപ്പോർട്ട്. ദില്ലിയിൽ ആണ് സംഭവം. ഉടമയായ 22കാരന് ഡോക്ടർമാർ 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെയാണ് ചെവി തിരികെ തുന്നിച്ചേർത്ത്. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നായ കടിച്ച് പറിച്ചതോടെ ചെവി ശരീരത്തിൽ നിന്ന് 2 മില്ലി മീറ്റർ ത്വക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് 22കാരൻ ചികിത്സ തേടിയെത്തിയത്. വലിച്ച് കീറിയ നിലയിലായിരുന്നു ചെവിയിലേക്കുള്ള രക്തക്കുഴലുണ്ടായിരുന്നത്. 0.5 മില്ലിമീറ്ററോളം മാത്രം വലിപ്പമുള്ള ഈ രക്തക്കുഴൽ പുനസ്ഥാപിക്കുക എന്നതായിരുന്നു ശസ്ത്രക്രിയയിലെ ഏറ്റവും ദീർഘവും വെല്ലുവിളി നിറഞ്ഞതുമായിരുന്ന ഘട്ടമെന്നാണ് പ്ലാസ്റ്റിക് സർജറിക്ക് നേതൃത്വം നൽകിയ ഡോ മോഹിത് ശർമ്മ വിശദീകരിച്ചത്.