സംസ്ഥാനത്ത് ഇൻസുലിൻ പേനയിലുപയോഗിക്കുന്ന മരുന്നിന് ക്ഷാമമെന്നു റിപ്പോർട്ട്. സിറിഞ്ചുപയോഗിച്ച് കുത്തിവെക്കുന്ന ഇൻസുലിൻ മരുന്ന് ഇത്തരം ഇൻസുലിൻ പേനയിലുപയോഗിക്കാൻ കഴിയില്ല. ഇൻസുലിൻ അളവ് കൃത്യമായിരിക്കുമെന്നതിനാല്‍, പ്രമേഹരോഗികളില്‍ ഒട്ടേറെപ്പേര്‍ ഇന്‍സുലിന്‍ പേന ഉപയോഗിക്കുന്നവരാണ്. ഏറെ പ്രചാരത്തിലുള്ള Human mixtard എന്ന ബ്രാന്‍ഡാണ് കിട്ടാതായത്. Wockard, lilly എന്നീ മറ്റുരണ്ട് ബ്രാന്‍ഡിനും ആവശ്യക്കാരേറിയതോടെ മൂന്നിനത്തിനും ക്ഷാമമായി. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇപ്പോള്‍ മരുന്നില്ല. ലഭ്യത കുറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ പലരും കൂടുതല്‍ ഡോസുകൾ വാങ്ങി സൂക്ഷിക്കുന്നതായി മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നു. മരുന്ന് നിര്‍മിക്കുന്നതിനുളള ഘടകങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇറക്കുമതിയിലുണ്ടായ തടസ്സങ്ങളാണ് ക്ഷാമത്തിന് കാരണമായിരിക്കുന്നത് എന്നാണ് നിഗമനം.