സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 12 ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ സ്ട്രോക്ക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവര്‍ക്ക് ഗുണനിലവാരമുള്ള തുടര്‍ജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നല്‍കുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷന് സ്ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.