അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം. കേരളത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾ കൂടുന്നതിനെക്കുറിച്ച് പഠിച്ച് പ്രതിരോധമാർഗം നിർദേശിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെയും പരിശോധന നടത്തിയ ലാബുകളുടെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് പുതിയ നിർദ്ദേശം. രോഗവ്യാപനം തടയാൻ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലെ വിദഗ്ധരും മറ്റ് സർക്കാർ സ്ഥാപനങ്ങളും സംസ്ഥാനത്തൊട്ടാകെ കോഴി, താറാവ്, കാട ഫാമുകളിൽ പരിശോധന നടത്തി. 38 രോഗപ്രഭവകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണിവ. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ രോഗബാധിത മേഖലയും പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരീക്ഷണ മേഖലയുമാണ്. ഇവിടങ്ങളിലെ ഹാച്ചറികളിൽ ഡിസംബർ 31 വരെ പക്ഷികളുടെ വളർത്തൽ, കൈമാറ്റം, വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്. കൂടാതെ ഫാമുകളിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് വിവിധ സർക്കാർ വകുപ്പുകൾ ഉറപ്പാക്കുകയും വേണം