ആലപ്പുഴയിൽ എംപോക്സ് സംശയം. രോഗലക്ഷണങ്ങളോടെ വിദേശത്തുനിന്ന് എത്തിയ ഹരിപ്പാട് സ്വദേശിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത് . ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റൈനിലാണ്. തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. അതേസമയം രോഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലായിരുന്ന യുവാവിന് കഴിഞ്ഞദിവസം എംപോക്സ് സ്ഥിരീകരിച്ചിരുന്നു. യു.എ.ഇ.യിൽ നിന്നുവന്ന മുപ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനത്ത് എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിരുന്നു. കൂടാതെ ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പരും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.