കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​പഠനം

കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​പഠനം. സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പഠനത്തിൽ വ്യക്തമാകുന്നു. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ​പഠനം പറയുന്നു. ഡെങ്കിപ്പനി ബാധിച്ച 11,700 പേരെയും കോവിഡ് ബാധിച്ച 12 ലക്ഷം പേരുടെയും ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ നടത്തിയ ടെസ്റ്റുകൾ, മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയവ പരിശോധിച്ചാണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. ഈ വിഭാ​ഗത്തിൽ ഹൃദയം, മസ്തിഷ്കം, പ്രതിരോധശേഷി തുടങ്ങിയവയിലുണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളെ വിശദമായി പരിശോധിച്ചു. ഡെങ്കിയെ പ്രതിരോധിക്കാൻ പരിസര ശുചിത്വം പോലുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കണമെന്ന് ​ഗവേഷകർ പഠനത്തിൽ നിർദേശം നൽകുന്നു.​ ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.