സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയ വ്യക്തി അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജദീർ അലിയോട് അമിതശേഷിയുള്ള മയക്കുഗുളിക എഴുതി നൽകാൻ ഇയാൾ ആവശ്യപ്പെടുകയും എന്നാൽ, മാനസികാരോഗ്യ വിദഗ്ധനെ കാണാൻ ഡോക്ടർ നിർദേശിച്ചെങ്കിലും ഡോസ് കൂടിയ മയക്കുഗുളിക എഴുതി നൽകണമെന്ന് ഇയാൾ വീണ്ടും ആവശ്യപ്പെടുകയിരുന്നു.ഡോക്ടർ വിറ്റാമിൻ ഗുളിക എഴുതിനൽകി. കുറിപ്പുമായി പുറത്തുപോയശേഷം തിരികെയെത്തിയ പ്രതി ഡോസ് കൂടിയ മരുന്ന് എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടർക്ക് നേരെ കത്തി ഉയർത്തി ഭീഷണിപ്പെടുത്തുകയിരുന്നു . ഇതോടെ ഡോക്ടർ മാനസികാരോഗ്യ വിദഗ്ധനെ കാണാനുള്ള കുറിപ്പടി എഴുതി നൽകുകയും ഇതുംവാങ്ങി പ്രതി പോവുകയും ചെയ്തു. ഇതിനിടെ വിവരം ആശുപത്രിയിലുള്ളവർ പോലീസിലറിയിച്ചു .പോലീസെത്തുമ്പോഴേക്കും ആൾ സ്ഥലംവിട്ടു. സംഭവത്തിൽ വ്യാഴാഴ്ച താലൂക്കാശുപത്രി സൂപ്രണ്ട് പോലീസിൽ രേഖാമൂലം പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പോലീസ് അധികൃതർ വ്യക്തമാക്കി.