ശ്വാസകോശാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിൽ ശ്വാസകോശ അർബുദത്തിനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. സി.ഒ.പി.ഡി., ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ ശ്വാസകോശ അർബുദ സ്ഥിരീകരണം വൈകുന്നുവെന്നും പഠനത്തിൽ പറയുന്നു. ഇംഗ്ലണ്ടിലെ ബ്രൈറ്റൺ& സസൈക്സ് മെഡിക്കൽ സ്കൂളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇംഗ്ലണ്ടിൽ നിന്നുള്ള 11,870 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും സി.ഒ.പി.ഡി.യുടേതാണെന്നും ആസ്ത്മയുടേതാണെന്നും തെറ്റിദ്ധരിച്ച് രാേഗസ്ഥിരീകരണം വൈകാറുണ്ട്. ഗുരുതരമായ ശ്വാസകോശാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലെ ലക്ഷണങ്ങൾ നിസ്സാരമാക്കാതിരിക്കുകയാണ് അർബുദസ്ഥിരീകരണം വൈകാതിരിക്കാനുള്ള മാർഗമെന്നും ഗവേഷകർ പറയുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.