മറ്റൊരു ആഗോള ആരോഗ്യ ഭീഷണിക്ക് കാരണമായേക്കാവുന്ന രോഗങ്ങളേക്കുറിച്ച് പങ്കുവെച്ച് ലോകാരോഗ്യസംഘടന. മങ്കിപോക്സ്, നിപ, എബോള തുടങ്ങിയ മുപ്പതോളം രോഗങ്ങളേക്കുറിച്ചുള്ള പട്ടികയാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്. ഇരുനൂറ് ഗവേഷകർ ചേർന്ന് 1652-ഓളം രോഗാണു സ്പീഷീസുകളെ പരിശോധിച്ചാണ് പ്രധാനപ്പെട്ട മുപ്പതെണ്ണം കണ്ടെത്തിയിരിക്കുന്നത്. രണ്ടുവർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ രോഗാണുക്കൾക്ക് പ്രാധാന്യം നൽകണമെന്ന വിലയിരുത്തലിൽ എത്തിയത്. കൊറോണ വൈറസിന് സമാനമായ സാർബികോവൈറസ്, മെർബികോ വൈറസ്, മങ്കിപോക്സ് വൈറസ്, വെരിയോള വൈറസ്, നിപ, പക്ഷിപ്പനി തുടങ്ങിയവയൊക്കെ പട്ടികയിലുണ്ട്. പട്ടികയിലുള്ള പല രോഗാണുക്കളും നിലവിൽ ചിലഭാഗങ്ങളിൽ മാത്രമേ ഉള്ളുവെങ്കിലും ഭാവിയിൽ ലോകമാകെ വ്യാപിക്കാമെന്ന സാധ്യതയാണ് ഗവേഷകർ പങ്കുവെക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും നഗരവൽക്കരണവും രോഗങ്ങൾ എളുപ്പത്തിൽ മനുഷ്യരിലേക്ക് പടരാനിടയാക്കുന്നുവെന്നും ഗവേഷകർ പറയുന്നുണ്ട്. ഇത്തരത്തിൽ രോഗങ്ങളെ അവയുടെ വ്യാപനത്തിന്റെയും മരണസാധ്യതയുടെയും അടിസ്ഥാനത്തിൽ പ്രാധാന്യം നൽകുന്നത് രാജ്യങ്ങളേയും സംഘടനകളേയുമൊക്കെ കൂടുതൽ കരുതലോടെ മുന്നോട്ടുപോകാൻ സഹായിക്കുമെന്നാണ് ലോകാരോഗ്യസംഘടന കരുതുന്നത്. രോഗവ്യാപന-മരണ നിരക്കുകൾ കൂടുതലും ചികിത്സാസാധ്യതകൾ കുറവുമുള്ള രോഗങ്ങളേയാണ് ഭീഷണിയായി കണ്ട് പട്ടികയാക്കിയിരിക്കുന്നത്.