സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ, അന്തർദേശീയ തലത്തിൽ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നൽകുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ഇൻ ആയുഷിന് കേന്ദ്രാനുമതി ലഭ്യമായി. 79 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതൽ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ സർക്കാർ/എയ്ഡഡ് ആയുഷ് മെഡിക്കൽ കോളേജുകൾക്കും അവശ്യമരുന്നുകൾ ലഭ്യമാക്കാനും ഗുണനിലവാര മാനദന്ധങ്ങളനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭ്യമാക്കും. താത്കാലിക ആയുഷ് ഡിസ്പെൻസറികൾ ഉൾപ്പെടെ എല്ലാ സർക്കാർ ആയുഷ് ചികിത്സാ സ്ഥാപനങ്ങൾക്കും അവശ്യമരുന്നുകളും കണ്ടിജൻസി ഫണ്ടുകളും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.