വടകരയിൽ കാറപകടത്തിൽ പരിക്കേറ്റ് ആറു മാസമായി കോമ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുന്ന 9 വയസ്സുകാരിയുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി. വടകര ചോറോട് ദേശീയപാതയിൽ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ ജീവിതം കോമയിലാകുകയും ചെയ്ത വാഹനാപകടം നടന്ന് ആറു മാസമായിട്ടും ഇവരെ ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തിയില്ലെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ മകളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിര താമസമാക്കേണ്ടി വന്ന പാവപ്പെട്ട കുടുംബത്തിന് അപകട ഇൻഷുറൻസ് പോലും കിട്ടാത്ത സ്ഥിതിയാണ്. സിസിടിവി പോലുള്ള നിരവധി നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടായിട്ടാണ് ദേശീയപാതയിൽ നടന്ന അപകടത്തിന്റെ തെളിവുകൾ പൊലീസിന് ലഭിക്കാത്തത് എന്ന ആക്ഷേപവും ഉയർന്നിരുന്നു. വാർത്ത റിപ്പോർട്ടിനെ തുടർന്ന് പൊലീസ് വീഴ്ചയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. ലീഗൽ സർവീസ് അതോറിറ്റി മുഖേനയാണ് ഇടപെടൽ. വടകര റൂറൽ പൊലീസിൽ നിന്നുമാണ് അടിയന്തര റിപ്പോർട്ട് തേടിയത്. ഇടിച്ച കാർ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീഗൽ സർവീസസ് അതോറിറ്റി വ്യക്തമാക്കി.