വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിൽ അണ്ഡവും ബീജവും ദാനം ചെയ്തവർക്ക് നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര സ്വദേശിനിയുടെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സഹോദരിയുടെ അണ്ഡം സ്വീകരിച്ച യുവതിക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടകുട്ടികൾ ജനിച്ചിരുന്നു. ദാമ്പത്യത്തിലുണ്ടായ പ്രശ്നങ്ങൾ മൂലം ഭർത്താവും കുട്ടികളും അണ്ഡദാതാവായ ഇളയ സഹോദരിക്കൊപ്പമാണ് നിലവിൽ താമസിക്കുന്നത്. അതിന് പിന്നാലെ കുട്ടികളെ സന്ദർശിക്കാനുള്ള അവകാശങ്ങളും യുവതിക്ക് നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് യുവതി കോടതിയെ സമീപിച്ചത്. ഇരട്ടക്കുട്ടികളുടെ ജീവശാസ്ത്രപരമായ രക്ഷിതാവാകാൻ അണ്ഡദാതാവായ ഭാര്യ സഹോദരിക്ക് അവകാശമുണ്ടെന്നും കുട്ടികളുടെ മേൽ ഭാര്യക്ക് അത്തരം അവകാശമില്ലെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, ഈ വാദം ജസ്റ്റിസ് മിലിന്ദ് ജാദവിൻ്റെ സിംഗിൾ ബെഞ്ച് തള്ളി. ഹരജിക്കാരിയുടെ സഹോദരി അണ്ഡദാതാവാണെങ്കിലും കുട്ടികളുടെ ജൈവിക രക്ഷിതാവാണെന്ന് അവകാശപ്പെടാൻ അവർക്ക് നിയമപരമായി കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഹോദരി ഒരു അണ്ഡദാതാവ് മാത്രമാണെന്നും അതിലപ്പുറം കുട്ടികളിൽ ഒരു അവകാശത്തിനും അവർക്ക് നിയമസാധുതയില്ലെന്ന് കോടതി കൂട്ടിച്ചേർത്തു.