പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ മത്സരത്തിൽ വെങ്കലം കരസ്ഥമാക്കിയ അമേരിക്കൻ അത്‌ലറ്റ് ബ്രിട്ട്‌നി ബ്രൗൺ പുരസ്‌കാരനേട്ടത്തിനുശേഷം പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ച് പറ്റുന്നത്. എൻഡോമെട്രിയോസിസ് എന്ന ആരോഗ്യപ്രശ്നം മൂലം ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കായി തന്റെ പുരസ്കാരം സമർപ്പിക്കുന്നു വെന്നും അവർ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളുള്ള എല്ലാ സ്ത്രീകൾക്കും, എൻഡോമെട്രിയോസിസിസും പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഉള്ള എല്ലാ സ്ത്രീകൾക്കും എന്നുപറഞ്ഞാണ് ബ്രിട്ടനി തന്റെ പുരസ്കാരം സമർപ്പിക്കുന്നത്. എന്നെ ആരും ശ്രദ്ധിക്കുന്നില്ല, കോച്ചുകൾ വേണ്ടപോലെ ശ്രദ്ധിക്കുന്നില്ല എന്നെല്ലാം കരുതുന്ന അത്ലറ്റുകളോട് പറയാനുള്ളത്, താൻ അവർക്കൊപ്പമുണ്ടെന്നും അവരിലൊരാൾ ആണെന്നും നിറകണ്ണുകളോടെ ബ്രിട്ടനി പറഞ്ഞു. എൻഡോമെട്രിയോസിസ് എന്ന അവസ്ഥത ഉള്ളതിനേക്കുറിച്ച് ഈ വർഷമാദ്യമാണ് ബ്രിട്ടനി തുറന്നുപറഞ്ഞത്.