വയനാട് ഉരുൾപൊട്ടൽ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ നേടിയെടുക്കാൻ ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നൽകി. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശത്തെ തുടർന്നാണു നടപടി. റവന്യു റിക്കവറി ഡെപ്യുട്ടി കലക്ടർ കെ.ഗോപിനാഥ് ചെയർമാനായ പ്രത്യേക ദൗത്യസംഘം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. അർഹമായ ക്ലെയിമുകൾ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികളാണു പ്രത്യേക ദൗത്യസംഘം സ്വീകരിക്കുക. ഇതിനായി വിവിധ വകുപ്പുകളുമായി ചേർന്നു വിവരണശേഖരണം നടത്തും. ദുരന്തത്തിനിരയായവർ എടുത്തിട്ടുള്ള ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിനായി തയാറാക്കും. ഗ്രാമപഞ്ചായത്തുകൾ, വില്ലേജ് ഓഫിസുകൾ എന്നിവയുടെ സഹകരണവും ഇതിനായി ഉപയോഗപ്പെടുത്തും. ലൈഫ് പോളിസികൾ, വാഹനങ്ങൾ, വീട്, കൃഷി, മൃഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇൻഷുറൻസുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണ്ടെത്തും. തുടർന്ന് ഇൻഷുറൻസ് ക്ലെയിമുകൾക്ക് അർഹതയുള്ളവരുടെ പട്ടിക തയാറാക്കും. ശേഖരിച്ച വിവരങ്ങൾ സംസ്ഥാനതല നോഡൽ ഓഫിസർ മുഖേന നടപടികൾക്കായി കൈമാറും. ലീഡ് ബാങ്ക് ജില്ലാ മാനേജർ, വ്യവസായ കേന്ദ്രം ജില്ലാ മാനേജർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിക്സ് ഡപ്യുട്ടി ഡയറക്ടർ, എന്നിവർ ടാസ്‌ക് ഫോഴ്സിൽ അംഗങ്ങളാണ്.